മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

എതിരാളിക്ക് എട്ടിന്റെ പണികൊടുത്ത് റെനോ ക്വിഡ് പരസ്യ ചിത്രം

ചെറുകാര്‍ ശ്രേണിയില്‍ ചുരുങ്ങിയ കാലയളവില്‍ ഇന്ത്യന്‍ നിരത്തില്‍ വന്‍ വിജയം സ്വന്തമാക്കിയ മോഡലാണ് റെനോയുടെ ക്വിഡ്. ഈ ആത്മവിശ്വാസത്തിലാണ് ക്വിഡിനെയും കൂട്ടി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ബ്രസീലിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ബ്രസീലിയന്‍ വിപണിയില്‍ തുടക്കം മുതല്‍ റെനോ ക്വിഡ് വിവാദ നായകനാവുകയാണ്. പുതിയ മോഡലായ ക്വിഡിന്റെ പബ്ലിസിറ്റിക്കായി നിര്‍മിച്ച പരസ്യ ചിത്രമാണ് വിവാദത്തിന് കാരണം.
ടെലിവിഷന്‍ പരസ്യത്തില്‍ എസ്.യു.വി മോഡലുകളോട് കിടപിടിക്കുന്ന ക്വിഡിന്റെ മേന്മകള്‍ പ്രകടമാക്കാന്‍ ഫോക്‌വാഗണ്‍ അപ്പ് മോഡല്‍ ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബ്രസീലിയന്‍ വിപണിയില്‍ ക്വിഡിന്റെ മുഖ്യ എതിരാളിയാണ് ഫോക്‌സ് വാഗണ്‍ അപ്പ്. ക്വിഡിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ക്യാബിന് സ്‌പേസ് എന്നിവ പ്രകടമാക്കാന്‍ ഗ്രൗണ്ട് ക്ലിയറന്‌സ്, ക്യാബിന് സ്‌പേസ് എന്നിവ വളരെ കുറഞ്ഞ വാഹനമായാണ് ഫോക്‌വാഗണ്‍ അപ്പിനെ പരസ്യത്തില്‍ ചിത്രീകരിക്കുന്നത്.
പരസ്യത്തില്‍ എവിടെയും ഫോക്‌സ് വാഗണ്‍ അപ്പ് മോഡലാണ് ഇതെന്ന് പറയുകയോ ലോഗോ കാണിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ദൃശ്യത്തില്‍ നിന്ന് വൈറ്റ് ഹാച്ച്ബാക്ക് ഫോക്‌സ്‌വാഗണ്‍ അപ്പ് മോഡലാണെന്ന് കാണുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാകും. ഫോക്‌വാഗണ്‍ ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് റെനോ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച പരാതിയുമായി നോട്ടീസ് അയച്ചതോടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്ന് പരസ്യം കമ്പനി പിന്‍വലിക്കുകയും ചെയ്തു.