രാജ്യത്തെ പ്രമുഖ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി എച്ച്ഡിഎഫ്‌സി ബാങ്കുമായി ഒന്നിക്കുന്നു. ഇരുകമ്പനികളുടെയും സഹകരണത്തോടെ 'കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണ്' പുറത്തിറക്കിയിരിക്കുന്നത്. മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കാര്‍ഡില്‍ 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. ഭക്ഷ്യവിതരണം, പലചരക്ക്, മറ്റ് സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും. കൂടാതെ, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, നൈക, ഒല, ഊബര്‍, സാറ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ മുഖാന്തരം പണമിടപാട് നടത്തുമ്പോഴും ക്യാഷ് ബാക്ക് ലഭിക്കും. 5 ശതമാനമാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഉപഭോക്താക്കള്‍ നടത്തുന്ന മറ്റ് ഇടപാടുകളില്‍എല്ലാം 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.'സ്വിഗ്ഗി മണി' എന്ന രൂപത്തിലാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഇവ സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലൂടെയുള്ള വിനിമയങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വരും ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കും. ആമസോണ്‍-ഐസിഐസിഐ, ഫ്‌ലിപ്കാര്‍ട്ട്-ആക്‌സിസ് ബാങ്ക് തുടങ്ങിയ കാര്‍ഡുകളാണ് സ്വിഗ്ഗി-എച്ച്ഡിഎഫ്‌സി കാര്‍ഡിന്റെ പ്രധാന എതിരാളികള്‍.