ന്യൂദല്‍ഹി: രജനീഷ് കുമാര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ പുതിയ ചെയര്‍മാനാവും. നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ ഒക്ടോബര്‍ ആറിന് വിരമിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. അടുത്ത ദിവസം തന്നെ ചുമതലയേല്‍ക്കുന്ന രജനീഷ് മൂന്ന് വര്‍ഷം തത്സ്ഥാനത്ത് തുടരും. രജനീഷിന്റെ നിയമനത്തിന് കേന്ദ്രമന്ത്രിയുടെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി അംഗീകാരം നല്‍കി. 1980ല്‍ പ്രൊബേഷണറി ഓഫീസറായി എസ്.ബി.ഐയില്‍ ചേര്‍ന്ന രജനീഷ് ഇപ്പോള്‍ കമ്ബനിയുടെ നാല് മാനേജിംഗ് ഡയറക്ടര്‍മാരിലൊരാളാണ്. എം.ഡി സ്ഥാനത്ത് എത്തുന്നതിന് മുന്പ് എസ്.ബി.ഐ കാപിറ്റല്‍ മാര്‍ക്കറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ & സി.ഇ.ഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ബാങ്കിന്റെ ചില്ലറ വ്യാപാരത്തിന്റെ ചുമതലയാണ് രജനീഷ് വഹിച്ചു വരുന്നത്. 2013 ഒക്ടോബറിലാണ് അരുന്ധതി ഭട്ടാചാര്യ ബാങ്കിന്റെ ചെയര്‍പേഴ്സണായത്.