കൊച്ചി: ചരക്കുസേവന നികുതി നിലവില്‍ വന്നു രണ്ടു മാസം പൂര്ത്തിയാക്കുന്പോഴും ആശയക്കുഴപ്പം തുടരുകയാണെന്നും നടപ്പു സാന്പത്തികവര്‍ഷം അവസാനത്തോടെ ഇതിനു പരിഹാരമാകുമെന്നാണു പ്രതീക്ഷയെന്നും സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് എക്സൈസ് ചീഫ് കമ്മീഷണര്‍ പുല്ലല നാഗേശ്വര റാവു.
ജിഎസ്ടി സംബന്ധിച്ചു പൊതുജനങ്ങള്‍ക്കിടയിലും വ്യാപാര, വ്യവസായ മേഖലയിലുമുള്ള സംശയങ്ങള്‍ ദുരീകരിക്കാനും ബോധവത്കരണത്തിനുമായി സെന്‍ട്രല്‍ എക്സൈസ് തിരുവനന്തപുരം മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം നാനൂറോളം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു തുടങ്ങി. ഒരു മാസം നീണ്ടു നില്ക്കുന്ന ഈ ക്ലാസുകളില്‍ ഉപഭോക്തൃ ബോധവത്കരണം, ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള പിന്തുണ, ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വേണ്ട സഹായം എന്നിവ വിശദമാക്കും. സംശയനിവാരണത്തിനായി ജിഎസ്ടി സേവ കേന്ദ്രങ്ങളുമായും ബന്ധപ്പെടാം. വ്യത്യസ്ത മേഖലകളിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദേശം സിബിഇസിയുടെ വെബ്സൈറ്റില്‍ മലയാളത്തില്‍ ലഭ്യമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.