- സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 19-ന് മമ്മൂട്ടി നിര്‍വഹിക്കും
കൊച്ചി: ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‌റെ (അയാം) വെബ്‌സൈറ്റ് www.indianadfilmmakers.org കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ പ്രിയദര്‍ശന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പരസ്യചിത്ര രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
സംഘടനയുടെ ഔപചാരിക ഉദ്ഘാടനം, ജൂണ്‍ 19-ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സിനിമാതാരം മമ്മൂട്ടി നിര്‍വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
അന്തരിച്ച പരസ്യ, ചലച്ചിത്രസംവിധായകന്‍ മാത്യു പോളിന്റെ നേതൃത്വത്തിലായിരുന്നു അസോസിയേഷന്റെ രൂപീകരണചര്‍ച്ചകള്‍ നടന്നത്. പരസ്യ ചലച്ചിത്രമേഖലയിലെ പുതിയ അറിവുകളും നൂതന സങ്കേതങ്ങളും അംഗങ്ങള്‍ക്കിടയില്‍ പങ്കുവെയ്ക്കാനും പരസ്യ ചലച്ചിത്ര നിര്‍മ്മാണത്തിനിടയില്‍ അംഗങ്ങള്‍ നേരിടുന്ന സാങ്കേതികവും നിയമപരവും വ്യാവസായികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് സംഘടന പ്രവര്‍ത്തിക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. ഷൂട്ടിങ്ങിനാവശ്യമായ സാങ്കേതികവിദ്യയും കലാസാമഗ്രികളും അംഗങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. നിര്‍മ്മാണച്ചെലവുകള്‍ കുറയ്ക്കാന്‍ നിരക്കുകളുടെ ഏകീകരണവും രോഗബാധമൂലം അവശത അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ചികിത്സാ സഹായം ഉറപ്പ് വരുത്തലും സംഘടനയുടെ മറ്റുലക്ഷ്യങ്ങളാണ്.
ഈ രംഗത്തെ വിദഗ്ദ്ധര്‍ നയിക്കുന്ന ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുവാനും പ്രതിഭകളെ അംഗീകരിക്കാന്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താനും സംഘടനക്ക് പദ്ധതിയുണ്ട്. കൂടാതെ, ആര്‍ട്ടിസ്റ്റ് കോ-ഓര്‍ഡിനേഷന്‍, ഡിജിറ്റല്‍ വീഡിയോ-ഓഡിയോ ബാങ്ക്, റെഫറന്‍സ് ലൈബ്രറി എന്നിവയും ഭാവിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കും.
ജബ്ബാര്‍ കല്ലറയ്ക്കല്‍ (പ്രസിഡന്റ്), സിജോയ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ജിസ്‌മോന്‍ ജോയ ്(ട്രഷറര്‍), ഭാനുപ്രകാശ് എ.വി. (വൈസ് പ്രസിഡന്റ്), ഷിബു അന്തിക്കാട് (വൈസ് പ്രസിഡന്റ്), സ്ലീബ വര്‍ഗീസ്(ജോയിന്റ് സെക്രട്ടറി), ഫൈസല്‍ റാസി (ജോയിന്റ് സെക്രട്ടറി), അരുണ്‍രാജ് കര്‍ത്ത (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.
കുമാര്‍ നീലകണ്ഠന്‍, വിനോദ് എ. കെ, റോബിന്‍ ചിറ്റിലപ്പള്ളി, സുശീല്‍ തോമസ്, ശ്രീകാന്ത് മുരളി, രതീഷ് അമ്പാട്ട്, ആര്‍.വി. വാസുദേവന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.