ഒടുവില്‍ കേന്ദ്രം സമ്മതിച്ചു: ചരക്കുസേവന നികുതി (ജിഎസ്ടി)യില്‍ വലിയ പിഴവുകളുണ്ട്. തിരുത്തല്‍ വരുത്തിയേ മതിയാകൂ.ജിഎസ്ടി അടക്കം കേന്ദ്രത്തിന്റെ നിര്‍ണായക സാന്പത്തിക നടപടികളുടെയെല്ലാം കാര്യദര്‍ശിയായ റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യതന്നെയാണിതു പറഞ്ഞത്. ഗുജറാത്തില്വച്ചുതന്നെ നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട വിശ്വസ്തനായ ഐഎഎസ് ഓഫീസറാണ് അധ്യ.
ധനമന്ത്രാലയത്തിലെ അതിശക്തനായ ഈ ഓഫീസറുടേതായി വാര്‍ത്താ ഏജന്‍സി ഞായറാഴ്ച ആദ്യം നല്കിയ റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: (ജിഎസ്ടിയില്‍) സന്പൂര്‍ണ അഴിച്ചുപണിയാണ് ആവശ്യം... ചില അധ്യായങ്ങളില്‍ വരുന്ന സാധനങ്ങള്‍ വീണ്ടും തരംതിരിക്കേണ്ടതുണ്ടാകും... സാധനങ്ങളുടെ തരംതിരിവ് പുനഃപരിശോധിക്കണം. ചെറുകിട - ഇടത്തരം ബിസിനസുകളെയും സാധാരണക്കാരെയും ദുരിതപ്പെടുത്തുന്ന നിരക്കുകള്‍ കുറയ്ക്കണം. നിരക്കു കുറച്ചാല്‍ കൂടുതല്‍ പേര് നികുതിയടയ്ക്കും